IND vs NZ, World Cup Semi Final വന്മതിലിനു മേൽ പറക്കാനാകാതെ കിവികൾ നീലക്കടലിൽ; ന്യൂസിലാൻഡിനെ 70 റൺസിന് തോൽപ്പിച്ച ഇന്ത്യ ഫൈനലിൽ
ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ കിവികളെ പറത്തി രോഹിത് ശർമയുടെ നീലപ്പട ഏകദിന ലോകകപ്പ് ഫൈനലിൽ. 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 397 റൺസ് എന്ന ഇന്ത്യയുടെ സ്കോർ മറികടക്കാൻ കിവികൾക്കായില്ല. 327 റൺസിൽ ന്യുസിലാൻഡ് ഔൾഔട്ടായി.
ഇന്ത്യയ്ക്കു വേണ്ടി വിരാട് കോലി (117), ശ്രേയസ് അയ്യര്‍ (105), രോഹിത് ശർമ (48), ശുഭ്മാന്‍ ഗില്‍ (80) റൺസ് നേടി. വിരാട് കോഹ്ലിയുടെ ഇതിഹാസ ബാറ്റിങ്ങാണ് ഇന്ത്യയെ പടുകൂറ്റൻ സ്കോറിലേക്ക് നയിച്ചതെങ്കിൽ ബൗളിങ് നിരയിൽ മുഹമ്മദ് ഷമിയും റെക്കോർഡ് കുറിച്ചു.
ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ അതിവേഗം അമ്പത് വിക്കറ്റെടുക്കുന്ന താരമെന്ന ലോക റെക്കോഡ് ഷമി സ്വന്തമാക്കി. ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്കിന്റെ പേരിലുണ്ടായിരുന്ന ലോക റെക്കോഡാണ് ഷമി പഴങ്കഥയാക്കിയത്. 17 മത്സരങ്ങളിൽ നിന്നാണ് ഷമി 50 വിക്കറ്റ് നേടിയത്. 19 മാച്ചുകളിൽ നിന്നാണ് സ്റ്റാർക്ക് റെക്കോർഡ് നേടിയത്.
ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ നാലാമത്തെ ഫൈനലിനാണ് രോഹിത്തും സംഘവും യോഗ്യത നേടിയത്. ആദ്യ ഫൈനലിൽ കപിലിന്റെ ചെകുത്താന്മാർ കപ്പുയർത്തിയപ്പോൾ രണ്ടാം ഫൈനലിൽ ദാദയും കൂട്ടരും പരാജയം രുചിച്ചു. 2011ലെ മൂന്നാമത്തെ ഫൈനലിൽ ക്യാപ്റ്റൻ കൂളും പോരാളികളും ഒരിക്കൽ കൂടി ലോകകിരീടം ഇന്ത്യയിലെത്തിച്ചു. നവംബർ 19 ന് മറ്റൊരു ഫൈനലിന് കൂടി ഇന്ത്യ യോഗ്യത നേടിയപ്പോൾ രോഹിത്തും സംഘവും കപ്പുയർത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.