News Portal

വിജയകാന്തിന്റെ ആരോ​ഗ്യനില അതീവ ​ഗുരുതരം: നടനെ വെന്റിലേറ്ററിലേയ്ക്ക് മാറ്റി


ചെന്നൈ: പ്രശസ്ത തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്തിന്റെ ആരോ​ഗ്യനില ഗുരുതരമായി തുടരുന്നു. താരത്തിന്റെ ആരോ​ഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് വെന്റിലേറ്ററിലേയ്ക്ക് മാറ്റി. നടന്റെ ആരോ​ഗ്യനില തൃപ്തികരമല്ലെന്നും ശസ്ത്രക്രിയയ്ക്ക് ഉടൻ വിധേയനാക്കുമെന്നും ആശുപത്രി അധികൃതർ പുറത്തുവിട്ട വാർത്താകുറിപ്പിൽ പറയുന്നു.

കടുത്ത ജലദോഷവും ചുമയും കാരണം ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം. ഇതിനിടയിലാണ് അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടിയത്.

എന്നാൽ പതിവ് പരിശോധനകൾക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഏതാനും ദിവസങ്ങൾക്കകം വീട്ടിൽ തിരിച്ചെത്തുമെന്നുമായിരുന്നു ഡി.എം.ഡി.കെ. പത്രക്കുറിപ്പിൽ വിശദീകരിച്ചത്. ഇതിനിടെയാണ് ആശുപത്രി വൃത്തങ്ങൾ അദ്ദേഹത്തിന്റെ ആരോഗ്യ നില സംബന്ധിച്ച വാർത്തകൾ പുറത്ത് വിട്ടത്.