News Portal

തിരുവണ്ണാമലയില്‍ കാര്‍ത്തിക ദീപാഘോഷങ്ങള്‍ക്കായി ഭക്തജന പ്രവാഹം: ഇതുവരെ 50 ലക്ഷം പേര്‍ എത്തിയെന്ന് കണക്കുകള്‍


 

ചെന്നൈ : പ്രസിദ്ധമായ തമിഴ്‌നാട്ടിലെ തിരുവണ്ണാമല കാര്‍ത്തിക ദീപം ദര്‍ശിക്കാന്‍ വന്‍ ഭക്തജനപ്രവാഹം തുടരുന്നു. കഴിഞ്ഞ 10 ദിവസമായി നടന്നു വരുന്ന രഥോത്സവത്തില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കാന്‍ തിരുവണ്ണാമല നഗരത്തിന് പുറത്ത് 9 താത്ക്കാലിക ബസ് സ്റ്റാന്റുകള്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഈ ബസ് സ്റ്റാന്റുകളില്‍ നിന്ന് നഗരത്തിലേയ്ക്ക് 40 മിനി ബസുകള്‍ സൗജന്യ സര്‍വീസ് നടത്തുന്നു.

നവംബര്‍ 14 മുതല്‍ 30 വരെ നടക്കുന്ന കാര്‍ത്തിക ദീപം ഉത്സവത്തിന്റെ ഭാഗമായി തിരുവണ്ണാമലൈ ടൗണിലേക്ക് 2,700 ബസുകളും 20 സ്‌പെഷ്യല്‍ ട്രെയിനുകളും സര്‍വീസ് നടത്തുന്നുണ്ട്. ഈ ബസുകള്‍ 6,832 ട്രിപ്പുകള്‍ നടത്തും എന്നാണ് കണക്ക്.

പ്രത്യേക പാസുകള്‍ ലഭിക്കുന്ന 2,500 പേര്‍ക്ക് മഹാദീപം നാളില്‍ മലകയറാന്‍ അനുമതി നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. തിരുവണ്ണാമലയിലെ ഹോട്ടല്‍ മുറികള്‍ നിറഞ്ഞു കവിഞ്ഞു കഴിഞ്ഞു.

തിരുവണ്ണാമല ക്ഷേത്രത്തിനു പിന്നിലെ 2,668 അടി ഉയരമുള്ള മലമുകളിലാണ് മഹാദീപം തെളിയുക. ഈ ദീപത്തിന്റെ പ്രകാശം 30 കിലോമീറ്റര്‍ ദൂരത്തില്‍ കാണാം.