അഹമ്മദാബാദ്: തീവ്ര ഇടിമിന്നലേറ്റ് 20 പേര്‍ക്ക് ദാരുണാന്ത്യം. ഗുജറാത്തിലാണ് സംഭവം. ദാഹോദില്‍ നാല് പേര്‍, ബറൂച്ചില്‍ മൂന്ന് പേര്‍, താപിയില്‍ രണ്ട് പേര്‍, അഹമ്മദാബാദ്, അമ്രേലി, ബനസ്‌കന്ത, ബോട്ടാഡ്, ഖേദ, മെഹ്സാന, പഞ്ച്മഹല്‍, സബര്‍കാന്ത, സൂറത്ത്, സുരേന്ദ്രനഗര്‍, ദ്വാരക എന്നിവിടങ്ങളില്‍ ഒരാള്‍ വീതം എന്നിങ്ങനെയാണ് മരിച്ചത്. അപകടത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനുശോചിച്ചു.
‘മോശം കാലാവസ്ഥയിലും ഇടിമിന്നലിലും ഗുജറാത്തിലെ വിവിധ നഗരങ്ങളില്‍ നിരവധി പേര്‍ മരിച്ചത് ദുഃഖകരമായ വാര്‍ത്തയാണ്. ഇടിമിന്നല്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങളെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കുപറ്റിയവര്‍ എത്രയും വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. പ്രാദേശിക ഭരണകൂടം ആശ്വാസ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്’, അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.
സംസ്ഥാനത്തെ 252 താലൂക്കുകളില്‍ 234ലും ഞായറാഴ്ച നല്ല മഴ ലഭിച്ചതായി സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ വ്യക്തമാക്കി. സൂറത്ത്, സുരേന്ദ്രനഗര്‍, ബറൂച്ച്, അമ്രേലി തുടങ്ങിയ ജില്ലകളില്‍ കനത്ത മഴയായിരുന്നു. തിങ്കളാഴ്ചയോടെ മഴ കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.