കേരളീയം പരിപാടിയിൽ ഗോത്രവർഗ വിഭാഗങ്ങളെ പ്രദർശന വസ്തുവാക്കി: അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര പട്ടികവർഗ കമ്മീഷൻ
ഡൽഹി: കേരളീയം പരിപാടിയിൽ ഗോത്രവർഗ വിഭാഗങ്ങളെ പ്രദർശന വസ്തുവാക്കിയെന്ന ആരോപണത്തിൽ കേന്ദ്ര പട്ടികവർഗ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. ഗോത്രവർഗ വിഭാഗങ്ങൾ അപമാനിക്കപ്പെട്ടു എന്ന പരാതിയിലാണ് അന്വേഷണം. കത്തുകിട്ടി മൂന്നു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കേരള ചീഫ് സെക്രട്ടറി ഡോ. വി വേണുവിനോടും ഡിജിപി ഡോ. ഷെയ്ഖ് ധർവ്വേഷ് സാഹിബിനോടും കേന്ദ്ര പട്ടികവർഗ കമ്മീഷൻ ആവശ്യപ്പെട്ടു.
നിശ്ചിത സമയത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ ഡിജിപിയും ചീഫ് സെക്രട്ടറിയും കമ്മീഷനു മുമ്പിൽ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നു. തിരുവനന്തപുരത്ത് നടന്ന കേരളീയം പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ആദിമം എന്ന പരിപാടിക്കെതിരെ, യുവമോർച്ച ദേശീയ സെക്രട്ടറി പി ശ്യാം രാജിന്റെ പരാതിയിലാണ് കേന്ദ്ര പട്ടികവർഗ കമ്മീഷന്റെ നടപടി.
മദ്യപിക്കാൻ പണം നല്‍കിയില്ല, അമ്മയെ ഉപദ്രവിച്ച് അവശയാക്കി ഒളിവിൽ പോയി: മകൻ അറസ്റ്റിൽ
അതെസമയം, ആദിമം പരിപാടിയിൽ ആദിവാസി ജനവിഭാഗത്തിന്റെ കലാപരിപാടികൾ അവതരിപ്പിച്ചതിൽ എന്താണ് തെറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. പ്രദർശന വസ്തുവാക്കി എന്ന പ്രചരണം ശരിയായ ഉദ്ദേശത്തിലല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം കാര്യങ്ങൾ റിപ്പബ്ലിക് ദിന പരേഡിൽ ഉണ്ടായിട്ടില്ലേ എന്നും അതിൽ കൂടുതൽ ഒന്നും കേരളീയത്തിൽ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.