News Portal

ഡീപ്‌ ഫേക്ക് ചിത്രങ്ങൾ വൈറൽ: പ്രതികരണവുമായി സാറ ടെണ്ടുല്‍ക്കർ


ഡല്‍ഹി: സോഷ്യൽ മീഡിയയിൽ വൈറലായ തന്റെ ഡീപ്‌ ഫേക്ക് ചിത്രങ്ങൾക്കെതിരെ പ്രതികരണവുമായി മുൻ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കര്‍. തന്റെ പേരില്‍ എക്‌സിലുള്ള അക്കൗണ്ട് വ്യാജമാണെന്നും തന്നെ അനുകരിക്കാനും ആളുകളെ തെറ്റിധരിപ്പിക്കാനും വേണ്ടിയാണ് എക്‌സില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും സാറ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.

സാറ ടെണ്ടുല്‍ക്കറുടെ വാക്കുകൾ ഇങ്ങനെ;

‘നമ്മുടെ സന്തോഷവും സങ്കടങ്ങളും ദിവസേനയുള്ള കാര്യങ്ങളുമൊക്കെ പങ്കുവെയ്ക്കാന്‍ ഏറ്റവും മനോഹരമായ ഇടമാണ് സോഷ്യൽ മീഡിയ. എന്നാല്‍ സാങ്കേതികത ദുരുപയോഗം ചെയ്ത് സത്യത്തെയും ഇന്റര്‍നെറ്റിന്റെ ആധികാരികതെയും ഇല്ലാതാക്കുന്നത് അലോസരപ്പെടുത്തുന്നതാണ്. യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത എന്റെ ചില ഡീപ്‌ഫേക്ക് ചിത്രങ്ങള്‍ ഞാനും കണ്ടിരുന്നു.

എന്നെ അനുകരിക്കാനും ആളുകളെ തെറ്റിധരിപ്പിക്കാനും വേണ്ടിയാണ് എക്‌സില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. എനിക്ക് എക്‌സില്‍ അക്കൗണ്ടില്ല. ഇത്തരം അക്കൗണ്ടുകള്‍ എക്‌സ് കണ്ടെത്തി സസ്‌പെന്‍ഡ് ചെയ്യുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്’.