കോയമ്പത്തൂർ: പത്തനംതിട്ടയിൽനിന്ന് സർവീസ് നടത്തുന്ന റോബിൻ ബസ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. രേഖകൾ പരിശോധിക്കാനായാണ് ബസ് കോയമ്പത്തൂരിൽവെച്ച് തമിഴ്നാട് ആർടിഒ തടഞ്ഞത്. കോയമ്പത്തൂരിലാണ് ബസ് തടഞ്ഞത്. ബസ് ഗാന്ധിപുരം സ്റ്റേഷനിലേക്ക് മാറ്റുകയാണ്.
അതേസമയം കേന്ദ്ര സർക്കാർ നിയമപ്രകാരം അഖിലേന്ത്യാ പെർമിറ്റുമായി പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന റോബിൻ ബസിനെ ഇന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു 7500 രൂപ പിഴ ഈടാക്കി. പത്തനംതിട്ടയിൽനിന്ന് രാവിലെ അഞ്ച് മണിക്ക് പുറപ്പെട്ട ബസ് തൊടുപുഴയ്ക്ക് സമീപം കരിങ്കുന്നത്ത് വെച്ചാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധന നടത്തിയത്.
പെർമിറ്റ് ലംഘനം ചൂണ്ടികാട്ടി നടന്ന പരിശോധയിൽ ബസിനെതിരെ കേസ് എടുത്തു. 7500 രൂപ പിഴയടക്കേണ്ട നിയമലംഘനമാണെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തൊടുപുഴയിൽ നാളെയും പരിശോധനയുണ്ടാവുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസവും വിവിധ സ്ഥലങ്ങളിൽ റോബിൻ ബസ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞ് പിഴ ഈടാക്കിയിരുന്നു. ഇന്നലെ നാലിടത്ത് ബസ് തടഞ്ഞ് മോട്ടോർ വാഹന വകുപ്പ് 37500 രൂപയാണ് പിഴ ചുമത്തിയത്. പിടിച്ചെടുക്കരുത് ഹൈക്കോടതി ഉത്തരവുള്ളതിനാൽ പിഴയീടാക്കി എംവിഡി വിട്ടയക്കുകയായിരുന്നു.
കോൺട്രാക്ട് ക്യാരേജായി വിനോദ സഞ്ചാരമടക്കമുള്ള കാര്യങ്ങൾക്ക് മാത്രമേ അനുവാദമുള്ളൂവെന്നും, ഓരോ സ്റ്റോപ്പിൽ നിന്ന് ആളെ എടുത്ത് പോകാനുള്ള സ്റ്റേജ് ക്യാരേജായി ഓടാൻ അനുവാദമില്ലെന്നുമാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്.
തമിഴ്നാട്ടിൽ പ്രവേശിച്ചപ്പോഴും റോബിൻ ബസിന് വൻതുക പിഴയായി ഈടാക്കിയിരുന്നു. ചാവടി ചെക്ക് പോസ്റ്റിൽ 70,410 രൂപയാണ് ഈടാക്കിയത്. ഇതിൽ പിഴയ്ക്കൊപ്പം ടാക്സ് കൂടിയാണ് ഈടാക്കിയത്. ടാക്സിനത്തിൽ 32000 രൂപയും പെനാൽറ്റി ടാക്സായി 32000 രൂപയുമടക്കമാണ് 70,410 രൂപ റോബിൻ മോട്ടോഴ്സ് അടച്ചത്.