News Portal

പട്ടാപ്പകല്‍ അമ്മയെയും മൂന്നു മക്കളെയും വെട്ടിക്കൊന്നതിനു പിന്നില്‍ പ്രണയപ്പക



ഉഡുപ്പി: കര്‍ണാടകയിലെ ഉഡുപ്പി നെജ്ജറില്‍ പട്ടാപ്പകല്‍ അമ്മയെയും മൂന്നു മക്കളെയും വെട്ടിക്കൊന്നതിനു പിന്നില്‍ പ്രണയപ്പകയെന്ന് തെളിഞ്ഞു.
കൊല്ലപ്പെട്ട പെണ്‍കുട്ടി എയര്‍ഹോസ്റ്റസായി ജോലി ചെയ്തിരുന്ന മംഗളൂരു വിമാനത്താവളത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പ്രണയപ്പകയില്‍ നാലുപേരെ അരുംകൊല ചെയ്തത്.

Read Also: ഈ ഭക്ഷണങ്ങൾ നിങ്ങളുടെ ഓർമ്മശക്തിയെ നശിപ്പിക്കും

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന നെജ്ജാര്‍ തൃപ്തിനഗറിലെ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കളായ അഫ്‌നാന്‍ (23), ഐനാസ് (21), അസീം (12) എന്നിവരാണ് ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ വീട്ടിലെത്തിയ യുവാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് മംഗളൂരു വിമാനത്താവളത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ പ്രവീണ്‍ അരുണ്‍ ചോഗ്ലെ (35)യെ കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയിലെ ബെലഗാവിയില്‍ വച്ച് പോലീസ് പിടികൂടി.

കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് സഹപ്രവര്‍ത്തകര്‍ പ്രവീണിനെ തിരിച്ചറിഞ്ഞത്. പഠനം പൂര്‍ത്തിയാക്കി മംഗളൂരു വിമാനത്താവളത്തില്‍ എയര്‍ഹോസ്റ്റസ് ട്രെയിനിയായി ജോലി ചെയ്തിരുന്ന ഐനാസുമായി അടുപ്പംകൂടാന്‍ പ്രവീണ്‍ നാളുകളായി ശ്രമിച്ചുവരികയായിരുന്നുവെന്നു പറയുന്നു.

ഒരാഴ്ച മുമ്പ് തൃപ്തിനഗറിലെ വീട്ടില്‍ നടന്ന പെണ്‍കുട്ടിയുടെ പിറന്നാളാഘോഷത്തില്‍ മറ്റു സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഇയാള്‍ പങ്കെടുത്തിരുന്നു. അതിനിടയില്‍ നടത്തിയ പ്രണയാഭ്യര്‍ഥന പെണ്‍കുട്ടി നിരസിച്ചതോടെയാണ് പ്രണയം പകയിലേക്ക് വഴിമാറിയത്.

പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള വഴി കൃത്യമായി മനസിലാക്കിയ ഇയാള്‍ കുടുംബാംഗങ്ങളെയാകെ കൊലപ്പെടുത്തുകയെന്ന കൃത്യമായ പദ്ധതിയോടെ തന്നെ ഒരാഴ്ചയ്ക്കുശേഷം വീണ്ടുമെത്തുകയായിരുന്നു. കൊലയ്ക്കുശേഷം തിരിച്ചറിയപ്പെടാതെ രക്ഷപ്പെടണമെന്ന ഉദ്ദേശത്തോടെയാണ് മാസ്‌ക് ധരിച്ച് മുഖം മറച്ചത്.

ഓട്ടോറിക്ഷയില്‍ വന്നിറങ്ങി വീട്ടിലേക്കു കയറി ക്ഷണനേരം കൊണ്ടു തന്നെ ബാഗില്‍ നിന്നും കത്തിയെടുത്ത് കുടുംബാംഗങ്ങളെ ഓരോരുത്തരെയായി കുത്തിവീഴ്ത്തുകയായിരുന്നു. തിരിച്ചൊന്നു പ്രതികരിക്കാന്‍ പോലും കഴിയുന്നതിനു മുമ്പേ ഹസീനയ്ക്കും രണ്ടു പെണ്‍മക്കള്‍ക്കും നൂര്‍മുഹമ്മദിന്റെ മാതാവിനും കുത്തേറ്റു.

പുറത്ത് കളിക്കുകയായിരുന്ന ഇളയ മകന്‍ അസീം ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയപ്പോള്‍ ഒരു മടിയുമില്ലാതെ ഈ കുട്ടിയെയും കുത്തിവീഴ്ത്തി. വയോധികയായ നൂര്‍മുഹമ്മദിന്റെ മാതാവ് ഹാജിറയ്ക്ക് അധികം കുത്തേല്‍ക്കാതിരുന്നതിനാല്‍ ജീവന്‍ രക്ഷപ്പെട്ടു.

കൂട്ടക്കൊലയ്ക്കു ശേഷം പ്രവീണ്‍ യാതൊരു വിഭ്രാന്തിയുമില്ലാതെ വീട്ടില്‍ നിന്നും തിരികെ നടന്ന് വീണ്ടും ഓട്ടോ സ്റ്റാന്‍ഡിലെത്തി മറ്റൊരു ഓട്ടോയില്‍ കയറി രക്ഷപ്പെടുകയായിരുന്നു. വസ്ത്രങ്ങളിലെ രക്തക്കറ അതിനകം ഇതേ വീട്ടില്‍ നിന്നു തന്നെ കഴുകിക്കളഞ്ഞിരിക്കാമെന്നും പോലീസ് കരുതുന്നു.

സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ആളിനെ തിരിച്ചറിഞ്ഞതോടെ രണ്ടു ദിവസമായി അന്വേഷണസംഘം ഇയാളെ പിന്തുടരുകയായിരുന്നു. ബെലഗാവിയില്‍ നിന്ന് മഹാരാഷ്ട്രയിലേക്കു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ പിടികൂടിയത്. പ്രതിയെ ഉഡുപ്പിയിലേക്ക് എത്തിച്ച് പോലീസ് വിശദമായി ചോദ്യം ചെയ്യും.