അബിഗേലിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിന്റെ ഉടമയെ കണ്ടെത്തി
കൊല്ലം : ഒയൂരിൽ നിന്നും അബിഗേലിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിന്റെ ഉടമയെ കണ്ടെത്തി. KL04 AF 3239 എന്ന സ്വിഫ്റ്റ് ഡിസയർ കാറിന്റെ ഉടമ വിമൽ സുരേഷ് എന്നയാളാണ്. വിമൽ സുരേഷും പൊലീസിന്റെ കസ്റ്റഡിയിലെന്നാണ് സൂചന.നിലവിൽ കസ്റ്റഡിയിലുള്ള മൂന്ന് പേരിൽ ഒരാൾ വിമൽ സുരേഷാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് തി വനന്തപുരം ശ്രീകണ്ഠേശ്വരത്തെ കാർ വാഷിംഗ് സെന്ററിൽ ഇന്നു രാവിലെ പരിശോധന നടത്തിയിരുന്നു. സ്ഥാപനം ഉടമ പ്രതീഷ് ഉൾപ്പെടെ മൂന്നു പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇന്നു രാവിലെയാണ് ശ്രീകണ്ഠേശ്വരത്തെ കാർ വാഷിംഗ് സെന്ററിന് സമീപത്തെ വാടക വീട്ടിൽ നിന്നും പ്രതീഷിനെ കസ്റ്റഡിയിലെടുത്തത്.
കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നുപേരും കസ്റ്റഡിയിലായതെന്നാണ് സൂചന. കാർ വാഷിംഗ് സെന്ററിലെ പരിശോധനയിൽ 500 രൂപയുടെ 19 നോട്ടുകെട്ടുകൾ കണ്ടെടുത്തു.
അതേസമയം, ആറുവയസ്സുകാരിയെ കാണാതായിട്ട് 15 മണിക്കൂർ പിന്നിട്ടു. സിസിടിവിയും പ്രതിയുടെ രേഖാചിത്രവും കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്. പാരിപ്പള്ളിയിലെ കടയിൽ സ്ത്രീക്കൊപ്പം എത്തിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. അന്വേഷണത്തിന് സഹായകമായ ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ഐജി ജി.സ്പർജൻ കുമാർ അറിയിച്ചു.