News Portal

ജില്ലാ ജയിലിലേക്ക് കൊണ്ടുപോകവേ പോലീസിനെ വെട്ടിച്ച്‌ കടന്നു കളഞ്ഞു; റിമാൻഡ് പ്രതി ഒടുവില്‍ പിടിയില്‍

കൊല്ലം.പോലീസിനെ വെട്ടിച്ച്‌ കടന്നുകളഞ്ഞ റിമാൻഡ് പ്രതി പിടിയിലായി. കൊല്ലം ജില്ലാ ജയിലിലേക്ക് കൊണ്ട് പോകും വഴിയാണ് പ്രതി കടന്ന് കളഞ്ഞത്.

 

തങ്കശ്ശേരി കാവല്‍ നഗർ 91ല്‍ സാജനാണ് (23) അറസ്റ്റിലായത്. ഈ മാസം 7-ന് വൈകിട്ട് 6.45ന് ജില്ലാ ജയിലിന് മുൻപില്‍ നിന്നായിരുന്നു ഇയാള്‍ രക്ഷപെട്ടത്. വാടിയിലെ ഒരു വീട്ടില്‍ നിന്ന് കഴിഞ്ഞ മാസം 29ന് മൊബൈല്‍ മോഷ്ടിച്ച കേസിലാണ് പള്ളിത്തോട്ടം പൊലീസ് ഇയാളെ പിടികൂടിയത്. അന്ന് കേസില്‍ റിമാൻഡിലായ സാജനെ ജയിലിലേക്ക് കൊണ്ട് പോകും വഴിയായിരുന്നു രക്ഷപെട്ടത്.

 

സാജനെ ജയിലിനുള്ളിലേക്കു കയറ്റാനായി പോലിസുകാർ വിലങ്ങ് അഴിച്ചതോടെ ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു. ആനന്ദവല്ലീശ്വരം ക്ഷേത്ര ഭാഗത്തേക്കാണ് ഇയാള്‍ ഓടിയത്. സംഭവം നടന്നപ്പോള്‍ ഡ്രൈവറടക്കം മൂന്ന് പൊലീസുകാരാണ് സ്ഥലത്തുണ്ടായിരുന്നത്. അവരെല്ലാം പ്രതിയുടെ പിന്നാലെ പോയെങ്കിലും പിടികൂടാനായില്ല. ഇതേതുടർന്ന് ഹൈദരാബാദിലേക്ക് കടന്ന പ്രതി നാട്ടിലേക്ക് തിരികെ വരുന്നുണ്ടെന്ന വിവരം ലഭിച്ചാണ് പോലീസ് ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. തുടർന്ന് വൈകിട്ട് 3.30ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. റെയില്‍വേ ഇന്റലിജൻസ്, വെസ്റ്റ് പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് സാജനെ പിടികൂടിയത്.