വമ്പന്‍ പരസ്യവുമായി മതവികാരം ദുരുപയോഗം ചെയ്ത അല്‍ മുക്താദിര്‍ ഗ്രൂപ്പ് തട്ടിപ്പ്; പിരിച്ചെടുത്ത ഡിപ്പോസിറ്റ് തിരിച്ചു ചോദിച്ച് നാട്ടുകാര്‍; അരക്കിലോ സ്വര്‍ണം പോലുമില്ലാതെ ജ്വല്ലറി ഷോറൂം;
2000 കോടിയുമായി ഉടമ മുങ്ങിയെന്ന സംശയവുമായി AKGSMAപരിശുദ്ധനാമങ്ങള്‍ ദുരുപയോഗം ചെയ്ത് തുടങ്ങിയ ജ്വല്ലറി ഉടമ 2000 കോടിരൂപയുമായി മുങ്ങിയെന്ന സംശയം ബലപ്പെടുന്നു.
0% പണിക്കൂലിയില്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കുമെന്ന് പറഞ്ഞ് പത്രമാധ്യമങ്ങളില്‍ മുന്‍പേജ് ജാക്കറ്റ് പരസ്യങ്ങള്‍ നല്‍കി മുസ്ലീം സമുദായത്തിലെ ഒരു വിഭാഗം ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ച് വന്‍തോതില്‍ പണം തട്ടിയെടുത്തെന്നാണ് അല്‍മുക്താദിര്‍ ഗ്രൂപ്പിനെതിരെ ഉയരുന്ന പരാതി. വിവാഹ ആവശ്യത്തിന് അടക്കം സ്വര്‍ണം നല്‍കുന്നതിന് വന്‍തോതില്‍ ഡിപ്പോസിറ്റ് വാങ്ങിച്ചിരുന്ന അല്‍മുക്താദിര്‍ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം കിട്ടാത്തതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് ഉപഭോക്താക്കളില്‍ നിന്ന് ഉയരുന്നത്.
തൊഴിലാളികളെ ഉപയോഗിച്ച് നടത്തിയ വന്‍ ഡിപ്പോസിറ്റ് ശേഖരണത്തെ തുടര്‍ന്ന് ജീവനക്കാരും ഇപ്പോള്‍ ഉടമയ്‌ക്കെതിരെ നടപടിയ്‌ക്കൊരുങ്ങുകയാണ്. പരസ്യങ്ങള്‍ വഴി നിരവധി ആള്‍ക്കാരാണ് തട്ടിപ്പില്‍ കുടുങ്ങി കോടികള്‍ നിക്ഷേപമായി നല്‍കിയിട്ടുള്ളത്. എന്നാല്‍ പലതും കണക്കില്ലാത്ത പണം ആയതിനാല്‍ എങ്ങനെയെങ്കിലും ഉടമയില്‍ നിന്ന് പണം വാങ്ങിയെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
പരിശുദ്ധ നാമങ്ങള്‍ ദുരുപയോഗം ചെയ്തു കേരളത്തിലെ സ്വര്‍ണാഭരണ മേഖലയിലേക്ക് ഹലാല്‍ പലിശ തട്ടിപ്പുമായി എത്തിയവര്‍ 2000 കോടിയുമായി മുങ്ങിയതായുള്ള സൂചന പങ്കുവെയ്ക്കുന്നത് സ്വര്‍ണ വ്യാപാര മേഖലയിലെ വ്യാപാരികളുടെ അസോസിയേഷനായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) ആണ്. തുടക്കത്തില്‍ തന്നെ തട്ടിപ്പുതിരിച്ചറിഞ്ഞു അല്‍-മുക്താദിര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് മാനുഫാക്ച്ചറിംഗ് ഹോല്‍സെയില്‍ ജ്വല്ലറിയ്‌ക്കെതിരെ സ്വര്‍ണവ്യാപാരികളുടെ സംഘടന രംഗത്ത് വന്നിരുന്നു. എന്നാല്‍ പത്ര മാധ്യമങ്ങളില്‍ വന്‍ പരസ്യം നല്‍കിയും തട്ടിപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി ചില പുരോഹിതന്മാരെ ഒപ്പം കൂട്ടിയും മതവികാരം ദുരുപയോഗം ചെയ്താണ് വന്‍തോതില്‍ നിക്ഷേപം നേടിയെടുത്തതെന്ന് (AKGSMA) സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്.അബ്ദുല്‍ നാസര്‍ പറയുന്നു.
ഉപഭോക്താക്കാള്‍ ഇവരുടെ വലയില്‍ വീഴാതിരിക്കാനും അവരെ പിന്തിരിപ്പിക്കാനും അസോസിയേഷന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ അസോസിയേഷന്‍ പറഞ്ഞതിനെ മുഖവിലയ്‌ക്കെടുക്കാതെ കൂടുതല്‍ കൂടുതല്‍ ആളുകള്‍ പരസ്യത്തിലടക്കം വീണ് തട്ടിപ്പിനിരയാവുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.