News Portal

പോലീസ് ചമഞ്ഞ് വെർച്വല്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം തട്ടിയ കേസില്‍ കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റില്‍.

കൊടുവള്ളി മണിപ്പുറം കെയ്താപറമ്ബില്‍ മുഹമ്മദ് തുഫൈലിനെയാണ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്.

 

കൂറിയർ സർവീസ് സ്ഥാപനത്തിലെ ജീവനക്കാരനെന്ന വ്യാജേനയാണ് എറണാകുളം സ്വദേശിയെ തട്ടിപ്പ് സംഘം ബന്ധപ്പെട്ടത്. പരാതിക്കാരന്റെ പേരില്‍ മുംബൈയിലുള്ള വിലാസത്തിലേക്ക് ചൈനയിലെ ഷാങ്ഹായില്‍ നിന്നു നിയമവിരുദ്ധമായി എ.ടി.എം. കാർഡ്, ലാപ്ടോപ്, പണം, എം.ഡി.എം.എ. എന്നിവ അയച്ചിട്ടുണ്ടെന്ന് അറിയിച്ചു. തുടർന്ന് മുംബൈ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെന്നു പറഞ്ഞായിരുന്നു ഫോണ്‍ വന്നത്.

 

സി.ബി.ഐ. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അക്കൗണ്ട് കോടതിയില്‍ പരിശോധിക്കാനുള്ള തുകയായി അഞ്ച് ലക്ഷം നല്‍കണമെന്നും ആവശ്യപ്പെട്ടു. നോട്ടറിയുടേതെന്നും പറഞ്ഞ് ബാങ്ക് അക്കൗണ്ട് നമ്ബറും നല്‍കി. തട്ടിപ്പിനിരയായതായി മനസ്സിലായ എറണാകുളം സ്വദേശി സൈബർ ക്രൈം പോർട്ടലില്‍ പരാതി നല്‍കി.

 

തുടർന്ന് പരാതി കൊച്ചി സിറ്റി സൈബർ പോലീസ് അന്വേഷിച്ചു. ബാങ്ക് അക്കൗണ്ടുകളും സൈബർക്രൈം റിപ്പോർട്ടിങ് പോർട്ടലില്‍നിന്നു ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കോഴിക്കോട്ടുനിന്നു പിടികൂടുകയായിരുന്നു. കൊച്ചി സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കെ.ആർ. രൂപേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

 

1930-ല്‍ അറിയിക്കണം

 

: ഓണ്‍ലൈൻ സാമ്ബത്തികത്തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനകം വിവരം 1930 എന്ന നമ്ബറില്‍ സൈബർ പോലീസിനെ അറിയിക്കണം. എത്രയും നേരത്തേ റിപ്പോർട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.