News Portal

വനിതാ ഓട്ടോഡ്രൈവറെ ആക്രമിക്കാൻ ക്വട്ടേഷൻ നല്‍കിയത് ബന്ധു, കാരണം കുടുംബവഴക്ക്; രണ്ടുപേര്‍ കസ്റ്റഡിയില്‍

കൊച്ചി: വൈപ്പിനില്‍ വനിതാ ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദിച്ച സംഭവം ക്വട്ടേഷൻ ആക്രമണമെന്ന് പോലീസ്. ബന്ധുവായ സജീഷാണ് ഓട്ടോ ഡ്രൈവറായ ജയയെ മർദിക്കാൻ ക്വട്ടേഷൻ കൊടുത്തതെന്നും കുടുംബവഴക്കാണ് ക്വട്ടേഷൻ ആക്രമണത്തിന് കാരണമായതെന്നുമാണ് വിവരം.

ആക്രമണത്തിന് ശേഷം സജീഷ് ഒളിവില്‍പോയിരിക്കുകയാണ്.

 

സംഭവത്തില്‍ സജീഷിന്റെ ഭാര്യ ഉള്‍പ്പെടെ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സജീഷിന്റെ ഭാര്യയ്ക്കും ക്വട്ടേഷൻ നല്‍കിയത് സംബന്ധിച്ച്‌ അറിവുണ്ടായിരുന്നതായാണ് വിവരം.

 

കഴിഞ്ഞ ദിവസം രാത്രിയാണ് ഓട്ടംവിളിച്ച മൂന്ന് യുവാക്കള്‍ ഓട്ടോഡ്രൈവറായ ജയയെ ക്രൂരമായി മർദിച്ചത്. ആക്രമണത്തില്‍ വാരിയെല്ലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ജയ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

കടപ്പുറം ബദരിയ പള്ളിയുടെ വടക്കുവശത്തുവെച്ചാണ് ആക്രമണമുണ്ടായത്. ഒരു യുവാവ് ആശുപത്രിയിലേക്ക് ഓട്ടംവിളിക്കുകയായിരുന്നു. കുറച്ച്‌ ദൂരം പിന്നിട്ട് ചെറായിയില്‍ എത്തിയപ്പോള്‍ രണ്ട് സുഹൃത്തുക്കളേക്കൂടി ഇയാള്‍ ഓട്ടോയില്‍ കയറ്റി. തുടർന്ന് നാലിടങ്ങളിലേക്ക് ഇവർ ഓട്ടംപോയി. ഏതാണ്ട് പത്തുമണി പിന്നിട്ടതോടെ രാത്രി ഇനിയും ഓട്ടംതുടരാൻ കഴിയില്ലെന്നും മറ്റൊരു വാഹനം ഏർപ്പാടാക്കിത്തരാമെന്നും ജയ പറഞ്ഞതോടെ യുവാക്കള്‍ പ്രകോപിതരായി. തുടർന്ന് മൂവരും ചേർന്ന് യുവതിയെ ക്രൂരമായി മർദിക്കുകയായിരുന്നു.