News Portal

ദീപാവലി ആഘോഷത്തിന് തമിഴ്‌നാട് കുടിച്ചത് 467.63 കോടിയുടെ മദ്യം


ചെന്നൈ: ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് തമിഴ്‌നാട്ടില്‍ വിറ്റത് 467.63 കോടി രൂപയുടെ മദ്യം. സര്‍ക്കാരിന്റെ മദ്യവില്‍പ്പനശാല വഴി കഴിഞ്ഞയാഴ്ചയുടെ അവസാന ദിവസങ്ങളിലാണ് ഇത്രയും തുകയുടെ മദ്യം വിറ്റുപോയതെന്ന് ഡെയ്‌ലി തന്തി റിപ്പോര്‍ട്ടു ചെയ്തു. നവംബര്‍ 11ന് 221 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ദീപവലി ദിനമായ നവംബര്‍ 12ന് 246 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. ദീപാവലി ദിവസം ഞായറാഴ്ച കൂടിയായതും മദ്യവില്‍പ്പനയെ സ്വാധീനിച്ചു.

ദീപാവലിയോട് അനുബന്ധിച്ച് മധുരയിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. 52.73 കോടി രൂപയുടെ മദ്യമാണ് മധുരയിൽ വിറ്റത്. തൊട്ടുപിറകില്‍ ചെന്നൈയാണ് ഉള്ളത്, 48.12 കോടി രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. ദീപാവലി ദിനത്തില്‍ 55.60 കോടി രൂപയുടെ വില്‍പ്പനയുമായി തിരുച്ചി സോണ്‍ ഒന്നാം സ്ഥാനത്തെത്തി. 52.98 കോടിയുമായി ചെന്നൈയാണ് രണ്ടാം സ്ഥാനത്ത്.

ദീപാവലിയുടെ തലേന്ന് കട അടയ്ക്കുന്ന തിരക്കില്‍ മദ്യം കൊടുക്കാത്തതിന് വിശാഖപട്ടണത്തിലെ മദുരവാഡയില്‍ മദ്യം വാങ്ങാന്‍ എത്തിയയാള്‍ വൈന്‍ ഷോപ്പിന് തീയിട്ടിരുന്നു. ശനിയാഴ്ച വൈന്‍ ഷോപ്പ് അടയ്ക്കുന്ന സമയത്താണ് മധു എന്നയാള്‍ വന്നതും മദ്യം ആവശ്യപ്പെട്ടതും. എന്നാല്‍, കട അടയ്ക്കാന്‍ പോകുന്നതിനാല്‍ മദ്യം നല്‍കാന്‍ പറ്റില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. ഇതില്‍ പ്രകോപിതനായാണ് ഇയാള്‍ കടയ്ക്ക് തീയിട്ടതെന്ന് പോലീസ് അറിയിച്ചു.

മദ്യം നല്‍കാത്തതിനെത്തുടര്‍ന്ന് പ്രതിയും വൈന്‍ ഷോപ്പിലെ ജീവനക്കാരും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. വാക്കു തര്‍ക്കങ്ങള്‍ക്കൊടുവില്‍ മധു ഇവിടെ നിന്നും പോയെങ്കിലും ഞായറാഴ്ച വൈകുന്നേരം പെട്രോള്‍ ടാങ്കുമായി കടയില്‍ തിരിച്ചെത്തുകയായിരുന്നു. കടയ്ക്കുള്ളിലും ജീവനക്കാരുടെ മേലും ഇയാള്‍ പെട്രോള്‍ ഒഴിച്ചു. പിന്നാലെ കടക്ക് തീയിടുകയും ചെയ്തു. കടയില്‍ നിന്നും ജീവനക്കാര്‍ ഇറങ്ങിയോടിയതിനാല്‍ ആളപായം ഉണ്ടായില്ല. എന്നാല്‍ വൈന്‍ ഷോപ്പ് കത്തിനശിക്കുകയും കംപ്യൂട്ടറും പ്രിന്ററും ഉള്‍പ്പെടെ ഒന്നരലക്ഷം രൂപ വിലമതിക്കുന്ന വസ്തുവകകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.പ്രതിക്കെതിരെ ഐപിസി 307, 436 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായും പോലീസ് അറിയിച്ചു.