കൊല്ലത്ത് പോരാട്ടം മുറുകും; രണ്ടും കല്‍പ്പിച്ച് യുഡിഎഫും എല്‍ഡിഎഫും, എൻകെ പ്രേമചന്ദ്രനെ നേരിടാൻ മുകേഷ്
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തിലേക്ക് സ്ഥാനാർത്ഥിയായി നടനും എംഎല്‍എയുമായ മുകേഷിന്റെ് പേര് നിർദ്ദേശിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്.
എം. മുകേഷ് എംഎല്‍എയെ കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാർത്ഥിയാക്കണമെന്നാണ് പാർട്ടി നിർദേശം അറിയിച്ചുയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. മന്ത്രി കെഎൻ ബാലഗോപാലിന്റെ് സാന്നിധ്യത്തില്‍ ചേർന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. സി.എസ്.സുജാത, നൗഷാദ് തുടങ്ങിയവരുടെ പേരും
കൊല്ലംമണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്നു. അതേസമയം, യുഡിഎഫ് സ്ഥാനാർത്ഥിയായി എൻകെ പ്രേമചന്ദ്രനെ നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
ലോക്സഭ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ സമാനതകളില്ലാത്ത തിരിച്ചടിയായിരുന്നു കേരളത്തില്‍ എല്‍ ഡി എഫ് നേരിട്ടത്. ആകെയുള്ള 20 സീറ്റില്‍ ആകെ വിജയിക്കാനായത് ആലപ്പുഴയില്‍ മാത്രം. കേരളത്തില്‍ ആഞ്ഞടിച്ച രാഹുല്‍ തരംഗമായിരുന്നു എല്‍ ഡി എഫിന് തിരിച്ചടിയായത്. എന്നാല്‍ ഇത്തവണ കേരളത്തില്‍ പരാമവധി സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യവുമായാണ് സി പി എം രംഗത്തുള്ളത്.
സിപിഎം മത്സരിക്കുന്ന 15 മണ്ഡലങ്ങളില്‍ അതാത് ജില്ലാ കമ്മറ്റികള്‍ സിപിഎം സെക്രട്ടറിയേറ്റിന് മുന്നില്‍ വെച്ച്, സെക്രട്ടറിയേറ്റ് ചർച്ച ചെയ്ത പട്ടികയിലെ പേരുകളാണ് പുറത്ത് വന്നത്. 21ന് സംസ്ഥാന കമ്മിറ്റി യോഗത്തിലാകും അന്തിമ തീരുമാനം. പൊളിറ്റ്ബ്യൂറോയുടെ അംഗീകാരത്തോടെ 27ന് പട്ടിക പ്രഖ്യാപിക്കും. പോളിറ്റ്ബ്യൂറോ അംഗം, എംഎല്‍എമാർ, ജില്ലാ സെക്രട്ടറിമാർ മുതിർന്ന നേതാക്കള്‍ അടക്കം പ്രമുഖരെയാണ് സിപിഎം മത്സര രംഗത്തിറക്കുന്നത്. പരിചയസമ്ബന്നരെ കളത്തിലിറക്കി പരമാവധി സീറ്റു ഉറപ്പിക്കാനാണ് സിപിഎം നീക്കം.
മട്ടന്നൂർ എം എല്‍ എയും മുന്‍ ആരോഗ്യ മന്ത്രിയുമായ കെകെ ശൈലജയെ ഇറക്കി വടകര തിരിച്ച് പിടിക്കാനാണ് സി പി എം ശ്രമം.പത്തനംതിട്ടയില്‍ മുൻ മന്ത്രി ടി.എം.തോമസ് ഐസക്കും ആലപ്പുഴയില്‍ സിറ്റിങ് എംപി എ.എം.ആരിഫും മത്സരിക്കാനും ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ തീരുമാനമായിരുന്നു. ആലത്തൂരില്‍ കെ രാധാകൃഷ്ണൻ മത്സരിക്കാനാണ് സിപിഎം സെക്രട്ടറിയേറ്റില്‍ ധാരണയായത്. ഇടുക്കി: ജോയ്സ് ജോർജ്, പാലക്കാട്: എം.സ്വരാജ്, കാസർകോട് മണ്ഡലത്തില്‍ കഴിഞ്ഞ തവണ മത്സരിച്ച സതീശ് ചന്ദ്രന് പകരം എൻ വി ബാലകൃഷ്ണനെ രംഗത്ത് ഇറക്കാനാണ് തീരുമാനം.
എറണാകുളത്തും ചാലക്കുടിയിലും മലപ്പുറത്തെ 2 മണ്ഡലങ്ങളിലും ഇനിയും വ്യക്തമായ ധാരണയില്ല. ജില്ലാ കമ്മിറ്റികളുടെ ശുപാർശയാകും നിർണായകം.പൊന്നാനിയില്‍ കെ.ടി.ജലീല്‍ എംഎല്‍എയും പരിഗണനയിലുണ്ട്. എറണാകുളത്ത് ലത്തീന്‍ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാർത്ഥിയെയാണ് തേടുന്നത്. ഇതിനായി കെവി തോമസിനെ ചുമതലെപ്പെടുത്തിയതായുള്ള വാർത്തകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.