അവധിക്കാലം വീണ്ടും പടിവാതിലിൽ! ഗൾഫ് മേഖലയിൽ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നു
അവധിക്കാലം വീണ്ടും പടിവാതിലിൽ എത്തിയതോടെ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തി വിമാന കമ്പനികൾ. ക്രിസ്തുമസ്-പുതുവത്സര ആഘോഷ വേളകൾ വരാനിരിക്കെയാണ് ഗൾഫ് മേഖലകളിൽ നിന്നുള്ള ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിച്ചിരിക്കുന്നത്. ഏതാനും ആഴ്ചകൾ കൊണ്ട് ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് ഏതാണ്ട് അഞ്ചിരട്ടിയോളം ഉയർന്നിട്ടുണ്ട്. നിലവിൽ, ദുബായിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യാനുള്ള ശരാശരി ടിക്കറ്റ് നിരക്ക് 11,000 രൂപയാണ്. എന്നാൽ, ഡിസംബർ അവസാന വാരങ്ങളിലെ നിരക്ക് ഏകദേശം 25,000 രൂപയ്ക്ക് മുകളിലാണ്. തിരിച്ചുള്ള സർവീസുകൾക്കും സമാനമായ രീതിയിൽ തന്നെയാണ് നിരക്കുകൾ വർദ്ധിപ്പിച്ചിരിക്കുന്നത്.
കോഴിക്കോട് നിന്ന് അബുദാബി വരെയുള്ള ടിക്കറ്റ് നിരക്ക് 10,000 രൂപയാണ്. എന്നാൽ, അവധിക്കാലങ്ങളിൽ 28,000 രൂപയ്ക്ക് മുകളിൽ വരെ എത്താറുണ്ട്. തിരിച്ചുള്ള ടിക്കറ്റ് നിരക്കുകൾ 11,000 രൂപയിൽ നിന്ന് 30,000 രൂപയായാണ് വർദ്ധിക്കാറുള്ളത്. ഓണം, ക്രിസ്തുമസ്, വേനലവധി തുടങ്ങിയ സമയങ്ങളിൽ സാധാരണയായി വിമാന കമ്പനികൾ ടിക്കറ്റ് നിരക്കുകൾ വലിയ തോതിൽ ഉയർത്താറുണ്ട്. ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ശരാശരി 65,000 സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. അവധിക്കാലത്ത് യാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തിനും മുകളിലാണ്. ഈ ഡിമാൻഡ് മുതലെടുത്താണ് വിമാന കമ്പനികൾ ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിക്കുന്നത്.