News Portal

യുപിഐ ഇടപാട് 2000 രൂപയ്ക്ക് മുകളിലാണോ? എങ്കിൽ ഇക്കാര്യം നിർബന്ധമായും അറിഞ്ഞോളൂ, പുതിയ മാറ്റവുമായി കേന്ദ്രം


ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ യുപിഐ ഇടപാടുകൾക്ക് അധിക സുരക്ഷയൊരുക്കാനൊരുങ്ങി കേന്ദ്രസർക്കാർ. നിശ്ചിത പരിധിക്ക് മുകളിൽ നടക്കുന്ന ഇടപാടുകൾക്ക് നിയന്ത്രണം കൊണ്ടുവരാനാണ് കേന്ദ്രസർക്കാറിന്റെ നീക്കം. രണ്ട് അക്കൗണ്ടുകൾ തമ്മിൽ ആദ്യമായാണ് ഇടപാട് നടക്കുന്നതെങ്കിൽ, ആ തുക 2000 രൂപ മുകളിൽ ആണെങ്കിൽ പണം ട്രാൻസ്ഫറാകാൻ പരമാവധി 4 മണിക്കൂർ എന്ന സമയം നിശ്ചയിക്കാനാണ് തീരുമാനം. നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫറിന്റെ മാതൃകയിലാണ് ഈ ഇടപാട് നടപ്പിലാക്കാൻ സാധ്യത.

പണം ട്രാൻസ്ഫറാകാൻ 4 മണിക്കൂർ വരെ സമയം എടുക്കുന്നതിനാൽ, ഇടപാടുകാർക്ക് പണം അയച്ചത് പിൻവലിക്കാനോ, മാറ്റങ്ങൾ വരുത്താനോ സാവകാശം ലഭിക്കുന്നതാണ്. പുതിയ മാറ്റം പ്രാബല്യത്തിലാകുമ്പോൾ നിരവധി തരത്തിലുള്ള ആശങ്കകളും ഉയർന്നിട്ടുണ്ട്. രണ്ട് യൂസർമാർ തമ്മിലുള്ള ആദ്യത്തെ എല്ലാ പണമിടപാടുകൾക്കും ഈ നിബന്ധന വരുമ്പോൾ ചെറുകിട കച്ചവടക്കാരെയും മറ്റും ദോഷകരമായി ബാധിക്കുന്നതാണ്. ഇതുവരെ ഇടപാടുകൾ നടക്കാത്ത വ്യാപാരികളുടെ അക്കൗണ്ടിലേക്ക് 2000 രൂപ ആദ്യമായി അയക്കുമ്പോൾ, ക്രെഡിറ്റാകാൻ 4 മണിക്കൂറെങ്കിലും എടുക്കുന്നത് ആശങ്കയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്.