News Portal

സിയാൽ വിമാനത്താവളത്തിലെ പ്രവേശനവും പാർക്കിംഗും ഇനി ഡിജിറ്റലാകും, പുതിയ മാറ്റം ഡിസംബർ 1 മുതൽ


നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുളള പ്രവേശനവും പാർക്കിംഗ് സംവിധാനങ്ങളും ഡിജിറ്റലാകുന്നു. ഡിസംബർ 1 മുതലാണ് പുതിയ മാറ്റങ്ങൾ പ്രാബല്യത്തിലാകുക. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച്, സിയാലിൽ ഫാസ്ടാഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ വിമാനത്താവളത്തിലേക്ക് വാഹനങ്ങൾക്ക് കടക്കാനും പുറത്തിറങ്ങാനുമുള്ള സമയം 8 സെക്കന്റായി കുറയുന്നതാണ്. നിലവിൽ, രണ്ട് മിനിറ്റാണ് ആവശ്യമായ സമയം.

ഡിസംബർ 1 മുതൽ ടാക്സികൾക്ക് വിമാനത്താവളത്തിനുള്ളിൽ പാർക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനായി ചെറിയ ഫീസ് നൽകിയാൽ മതിയാകും. ഇതോടൊപ്പം എല്ലാ ടാക്സികൾക്കും പ്രവേശന ഫഫീസും ഈടാക്കുന്നതാണ്. തടസ്സങ്ങൾ ഇല്ലാതെ പാർക്കിംഗ് പ്രക്രിയ ഉറപ്പുവരുത്തുന്നതിനായി ‘സ്മാർട്ട് പാർക്കിംഗ്’ സംവിധാനവും ഉണ്ട്. ഇതിലൂടെ യാത്രക്കാർക്ക് പാർക്കിംഗ് സ്ലോട്ട് മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയുന്നതാണ്.

പരമാവധി 2,800 വാഹനങ്ങൾ വരെ പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. കാര്യക്ഷമത ഉറപ്പുവരുത്താൻ പാർക്കിംഗ് മാനേജ്മെന്റ് സിസ്റ്റം, പാർക്കിംഗ് കൗണ്ടിംഗ് സിസ്റ്റം, ദേശീയപാതകളിലെ ടോൾ ഗേറ്റുകളിൽ ഉള്ളതുപോലെ പണമിടപാടുകൾ സാധ്യമാക്കുന്ന ഫാസ്ടാഗ് കൗണ്ടറുകൾ, ഓരോ വാഹനത്തിന്റെയും കൃത്യമായ പ്രവേശന സമയം കണക്കാക്കുന്ന ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളും പാർക്കിംഗ് ഏരിയയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.