News Portal

നാമജപ കേസുകള്‍ റദ്ദുചെയ്ത സര്‍ക്കാര്‍ വിഴിഞ്ഞം സമരത്തിലെ കേസുകള്‍ റദ്ദാക്കിയില്ല: ലത്തീന്‍ സഭാ മുഖപത്രം


തിരുവനന്തപുരം: എന്‍എസ്എസിന്റെ നാമജപ കേസുകള്‍ റദ്ദുചെയ്ത സര്‍ക്കാര്‍ വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് മെത്രാന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിച്ചില്ല എന്ന് ലത്തീന്‍ സഭാ മുഖപത്രത്തില്‍ വിമര്‍ശനം. മന്ത്രി വാക്കുപാലിച്ചില്ലെന്നും കെടാവിളക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ നിന്ന് ന്യൂനപക്ഷങ്ങളെ ഒഴിവാക്കിയെന്നും ലേഖനത്തിലൂടെ വിമര്‍ശനമുന്നയിച്ചു.

സര്‍ക്കാരും ലത്തീന്‍ സഭയുമായുള്ള തര്‍ക്കത്തില്‍ ഒരു തരത്തിലുമുള്ള അയവുമില്ലെന്നാണ് മുഖപത്രത്തിലെ വിമര്‍ശനങ്ങള്‍ സൂചിപ്പിക്കുന്നത്. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് മെത്രാന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് എടുത്ത കേസ് പിന്‍വലിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ആ വാക്ക് മന്ത്രി പാലിച്ചില്ലെന്നാണ് ജീവനാദം ഉന്നയിക്കുന്ന പ്രധാന ആരോപണം.

ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തതെന്നും ഇവ കള്ളക്കേസുകളാണെന്നും മുഖപത്രം ചൂണ്ടിക്കാട്ടുന്നു. കേസെടുത്തവരില്‍ ലത്തീന്‍ മെത്രാന്‍മാരും വൈദികരും സമുദായ നേതാക്കളും മത്സ്യത്തൊഴിലാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും മുഖപത്രം ആരോപിച്ചു.