News Portal

ആസ്തി 12,000 കോടി; യുപിയിലെ ഏറ്റവും ധനികനായ വ്യക്തി


ഉത്തര്‍പ്രദേശില്‍ വ്യാവസായിക മേഖലയുടെ വളര്‍ച്ച വളരെ വേഗത്തിലാണ് നടക്കുന്നത്. രാജ്യത്തെ ഏറ്റവും അധികം ജനസംഖ്യയുള്ള സംസ്ഥാനത്ത് നിരവധി കോടീശ്വരന്മാരുമുണ്ട്. സംസ്ഥാനത്തിലെ തന്നെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് അവരുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രധാന കാരണം. മുരളി ഗ്യാന്‍ചന്ദാനിയാണ് യുപിയിലെ ഏറ്റവും ധനികനായ വ്യക്തി. ആര്‍എസ്പിഎല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനായ അദ്ദേഹത്തിന് 12,000 കോടി രൂപയുടെ സ്വത്തുക്കളാണ് ഉള്ളത്. 2022-ലെ ഹുറൂണ്‍ റിച്ച് ലിസ്റ്റ് പ്രകാരം മുരളി ഗ്യാന്‍ചന്ദാനിക്കും സഹോദരനും കൂടി 20,000 കോടി രൂപയുടെ സ്വത്തുക്കളാണ് ഉള്ളത്. 2022-ല്‍ മുരളി ഇന്ത്യയിലെ സമ്പന്നമാരുടെ പട്ടികയില്‍ 149-ാം സ്ഥാനത്തായിരുന്നു. അദ്ദേഹത്തിന്റെ സഹോദരന് 8,000 കോടി രൂപയുടെ സ്വത്തുക്കളാണ് ഉള്ളത്. ഇരുവരും കാണ്‍പൂരിലാണ് താമസം.

ഇവരുടെ പിതാവ് ദയാല്‍ദാസ് ഗ്യാന്‍ചന്ദാനിയുടെ ഗ്ലിസറിന്‍ ഉപയോഗിച്ചുള്ള ഓയില്‍ സോപ്പ് നിര്‍മാണവും ബിസിനസും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഗാഡി ബ്രാന്‍ഡ് എന്ന പേരില്‍ മുരളിയും സഹോദരനുമാണ് ഈ ബിസിനസ് മുമ്പോട്ട് കൊണ്ടുപോകുന്നത്.

Also read-‘ബാങ്ക് ലോണില്‍ ഒരു വീട് വാങ്ങാന്‍ ആഗ്രഹിച്ചിരുന്നു; ഇനി അത് വേണ്ട’; യുഎഇയില്‍ മലയാളി യുവാവിന് 45 കോടിയുടെ ലോട്ടറി

മുന്‍നിര സ്ഥാപനമായ രോഗിത് സര്‍ഫാക്ടന്റസ് നിര്‍മിക്കുന്ന വില കുറഞ്ഞ ഡിറ്റര്‍ജന്റാണ് ഗാഡി. ഏറെക്കാലത്തോളം രാജ്യത്തെ രണ്ടാമത്തെ വലിയ ഡിറ്റര്‍ജന്റ് ബ്രാന്‍ഡായിരുന്നു ഇത്. മുരളിയും സഹോദരനും മാത്രമല്ല ഇരുവരുടെയും മക്കളും ഗാഡി ബ്രാന്‍ഡിന്റെ വിവിധ ചുമതലകള്‍ വഹിക്കുന്നുണ്ട്. ഡിറ്റര്‍ജന്റ് ബ്രാന്‍ഡിന് പുറമെ ഗ്യാന്‍ചന്ദാനി സഹോദരന്മാര്‍ റെഡ് ചീഫ് എന്ന പേരില്‍ ഷൂ കമ്പനിയും നടത്തുന്നുണ്ട്. ഈ ബ്രാന്‍ഡിലെ ഉത്പന്നങ്ങള്‍ വിദേശത്തേക്ക് കയറ്റി അയക്കുന്നതിലൂടെ ആഗോള ബിസിനസ് രംഗത്തും സഹോദരന്മാര്‍ സാന്നിധ്യമറിയിച്ചിരിക്കുകയാണ്. പുരുഷന്മാര്‍ക്കുള്ള ഷൂ, ജാക്കറ്റ്, ഷര്‍ട്ട്, ജീന്‍സ്, ബെല്‍റ്റ് എന്നിവയുടെ ഉത്പാദനവും വില്‍പ്പനയും ഈ ബ്രാന്‍ഡിന് കീഴിൽ നടത്തുന്നുണ്ട്.

ബിസിനസിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ ഏറിയ പങ്കും ഇരുവരും സാമൂഹിക സേവനത്തിനായും ഉപയോഗിക്കുന്നുണ്ട്. മാതാപിതാക്കളുടെ പേരിൽ കാൺപൂരിൽ ഒരു ആശുപത്രിയും ഇവർ നടത്തുന്നുണ്ട്. ചികിത്സയ്ക്കായി വന്‍തുക ചെലവിടാന്‍ കഴിയാത്ത ആയിരക്കണക്കിന് ആളുകളാണ് ഇവിടെ ചികിത്സ തേടി എത്താറുള്ളത്.