News Portal

മരത്തിൽ നിന്ന് വീണെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ച 74കാരന്റെ മരണം കൊലപാതകം: കൂടെ താമസിച്ചിരുന്ന യുവതിയുടെ മകൻ അറസ്റ്റിൽ


മാവേലിക്കര: വീണ് പരിക്കേറ്റു എന്ന് കരുതിയ വയോധികന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. പ്രതിയെ പോലീസ് പിടികൂടി. തെക്കേക്കര പറങ്ങോടി കോളനിയിൽ യുവതിക്കൊപ്പം താമസിച്ചിരുന്ന ഓച്ചിറ സ്വദേശി ഭാസ്‌കരൻ (74) ആണ് നവംബർ ഒന്നിനു വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചത്. ഒക്ടോബർ 16-നാണ് ഇയാളെ പരിക്കേറ്റനിലയിൽ ചികിത്സയ്ക്ക് എത്തിച്ചത്.

മരത്തിൽ നിന്നും വീണതാണെന്നായിരുന്നു യുവതി പറഞ്ഞിരുന്നത്. എന്നാൽ, പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ മകൻ മൻദീപി(രാജ-24)നെ പ്രതിയെന്ന് തിരിച്ചറിഞ്ഞ കുറത്തികാട് പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു.

യുവതിക്കൊപ്പം ഭാസ്‌കരൻ താമസിക്കുന്നതിലുള്ള വിരോധം കാരണം മൻദീപ് ഭാസ്‌കരനെ ക്രൂരമായി മർദ്ദിച്ചതായും തല ഭിത്തിയിൽ ഇടിപ്പിച്ചതായും പോലീസ് പറയുന്നു. തുടർന്നാണ് ഭാസ്‌കരനെ ആശുപത്രിയിലെത്തിച്ചത്. ഒളിവിൽപ്പോയ മൻദീപിനെ പേരൂർക്കടയിലെ മണ്ണാമൂലയിൽനിന്നാണു പിടികൂടിയത്.