ലോണെടുക്കാൻ പ്ലാനുണ്ടോ? വായ്പകളെ സിബിൽ സ്കോർ ബാധിക്കുന്നതെങ്ങനെ?
ഒരു വായ്പ എടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ, നിങ്ങൾ ആദ്യം ഓർക്കുന്നത് എന്താണ്? നിങ്ങൾക്ക് ആവശ്യമുള്ള തുക, കാലാവധി, അല്ലെങ്കിൽ പലിശ നിരക്ക്, അങ്ങനെയൊക്കെയല്ലേ? എന്നാൽ, വായ്പക്ക് അംഗീകാരം ലഭിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന മറ്റൊരു കാര്യമുണ്ട്. നിങ്ങളുടെ സിബിൽ ക്രെഡിറ്റ് സ്കോർ (CIBIL Credit Score). എന്താണ് സിബിൽ സ്കോർ? സിബിൽ സ്കോർ എങ്ങനെ പരിശോധിക്കാം, അതിന്റെ പ്രാധാന്യം, എങ്ങനെയാണ് അത് നിങ്ങളെ ബാധിക്കുക തുടങ്ങിയ കാര്യങ്ങൾ വിശദമായി മനസിലാക്കാം.
എന്താണ് സിബിൽ സ്കോർ?
നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററിയ്ക്ക് ലഭിക്കുന്ന സ്കോറാണ് സിബിൽ സ്കോർ. സാധാരണയായി 300 നും 900 നും ഇടയിലുള്ള മൂന്നക്ക സംഖ്യയായിരിക്കും ഇത്. 750-ന് മുകളിലുള്ള സ്കോർ മികച്ചതായി കണക്കാക്കപ്പെടുന്നു. ഈ സ്കോർ ഉള്ള ഒരാൾക്ക് വായ്പ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ഒരാളുടെ മുൻകാല സാമ്പത്തിക ബാധ്യതകളും തിരിച്ചടവുകളും പരിശോധിച്ചായിരിക്കും സിബിൽ സ്കോർ നിർണയിക്കപ്പെടുക. ഒരു വ്യക്തി തന്റെ തിരിച്ചടവിൽ എപ്പോഴെങ്കിലും വീഴ്ച വരുത്തിയിട്ടുണ്ടോ എന്നും സിബിൽ സ്കോർ പരിശോധിക്കുന്നതിലൂടെ തിരിച്ചറിയാൻ സാധിക്കും. സിബിൽ സ്‌കോർ അടങ്ങിയ റിപ്പോർട്ടിനെ സിബിൽ റിപ്പോർട്ട് എന്നാണ് വിളിക്കുന്നത്.
‘കർഷകന് വായ്പ നിഷേധിച്ചത് സിബിൽ സ്കോർ;നിയമം ഉണ്ടാക്കിയത് കേന്ദ്രസർക്കാർ’; ഇ.പി.ജയരാജൻ
കുറഞ്ഞ ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് ബാങ്കിൽ നിന്ന് വായ്പ ലഭിക്കാനുള്ള സാധ്യതകൾ കുറയും. ക്രെഡിറ്റ് ഫാക്ടർ, റീപെയ്മെന്റ് ഹിസ്റ്ററി, ക്രെഡിറ്റ് യൂട്ടിലൈസേഷൻ റേഷ്യോ, ലെങ്ത് ഓഫ് ക്രെഡിറ്റ് ഹിസ്റ്ററി, പുതിയ ക്രെഡിറ്റ് എൻക്വയറികൾ, ക്രെഡിറ്റ് മിക്സ് എന്നീ ആറ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും സിബിൽ സ്കോർ തീരുമാനിക്കുക.
എന്തു കൊണ്ടാണ് വായ്പ ലഭിക്കുന്നതിൽ സിബിൽ സ്കോർ നിർണായകമാണെന്നു പറയുന്നത്?
ഒരാൾ ലോൺ എടുക്കുമ്പോഴോ ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കുമ്പോഴോ എല്ലാ ധനകാര്യ സ്ഥാപനങ്ങളും ആദ്യം അപേക്ഷകന്റെ സിബിൽ സ്കോർ പരിശോധിക്കും. ക്രെഡിറ്റ് യോഗ്യതയും റിസ്ക് പ്രൊഫൈലും അവർ ഉറപ്പാക്കും. അതിനു ശേഷം മാത്രമാകും അപേക്ഷകന് വായ്പ നൽകണോ എന്ന കാര്യം തീരുമാനിക്കുക. അപേക്ഷകൻ മുൻപ് കടം തിരിച്ചടയ്ക്കുന്നതിൽ കൃത്യനിഷ്ഠ പാലിച്ചിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ സിബിൽ റിപ്പോർട്ടിൽ ഉണ്ടാകും. സിബിൽ സ്കോർ മികച്ചതാണെങ്കിൽ മാത്രമേ ധനകാര്യ സ്ഥാപനങ്ങൾ വായ്പ അനുവദിക്കൂ. അതിനാൽ നല്ല സിബിൽ സ്കോർ നിലനിർത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
നിങ്ങളുടെ സിബിൽ സ്‌കോർ വായ്പ ലഭിക്കാനുള്ള സാധ്യതകളെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് വിശദമായി അറിയാം.
1. വേഗത്തിലുള്ള അപ്രൂവൽ (Speedy Approval)
ഉയർന്ന സിബിൽ സ്കോർ ഉണ്ടെങ്കിൽ നിങ്ങൾക്ക് വേഗം വായ്പ ലഭിക്കും. വായ്പ നൽകുന്നവർ, ഈ ഉയർന്ന സ്‌കോറിൽ വിശ്വസിച്ച്, നിങ്ങളുടെ വായ്പാ അപേക്ഷ കൂടുതൽ വേഗത്തിൽ പ്രോസസ് ചെയ്യുകയും അംഗീകരിക്കുകയും ചെയ്യും
2. ചെറിയ പലിശനിരക്ക് (Reduced Interest Rates)
ഉയർന്ന സിബിൽ സ്കോറുള്ള അപേക്ഷകർക്ക് പലപ്പോഴും കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ ലഭിക്കാറുണ്ട്. ഉയർന്ന സ്കോർ കുറഞ്ഞ റിസ്കിനെയാണ് സൂചിപ്പിക്കുന്നത്.
ഇടുക്കിയിൽ സഹകരണ ബാങ്ക് മാനേജര്‍ ജീവനൊടുക്കിയ നിലയിൽ; ലക്ഷങ്ങളുടെ കടബാധ്യതയെന്ന് സൂചന
3. തിരിച്ചടക്കാൻ പല ഓപ്ഷനുകൾ (Flexible Repayment Options)
ഉയർന്ന സിബിൽ സ്കോർ ഉണ്ടെങ്കിൽ ലോൺ കാലാവധിയും തിരിച്ചടവ് ഷെഡ്യൂളും പലിശയും ഉൾപ്പെടെയുള്ള നിബന്ധനകളിൽ ഇളവ് ഉണ്ടാകും. നിങ്ങളുടെ ബജറ്റും പണവും മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ ഇത് നിങ്ങളെ പ്രാപ്തരാക്കുന്നു.
4. വലിയ വായ്പകൾ (Higher Loan Amounts)
നിങ്ങളുടെ വായ്പകളെ സിബിൽ സ്കോർ ഗണ്യമായി സ്വാധീനിക്കുന്നു. ഉയർന്ന സ്കോർ ഉള്ളവർക്ക് വലിയ വായ്പകൾ ലഭിച്ചേക്കാം. വായ്പ യഥാസമയം തിരിച്ചടയ്ക്കാൻ നിങ്ങൾക്കു സാധിക്കുമെന്നാണ് ഉയർന്ന സ്കോർ സൂചിപ്പിക്കുന്നത്. ഇതു മൂലം വലിയ തുകകൾ വായ്പയെടുക്കാൻ നിങ്ങൾക്കു സാധിക്കും.
5. പലിശ നിരക്ക് നിർണയിക്കൽ (Interest Rate Determination)
നിങ്ങളുടെ സിബിൽ സ്കോർ വായ്പയുടെ പലിശ നിരക്കിനെ സ്വാധീനിക്കുന്നു. ഉയർന്ന സ്കോർ ഉള്ളവർക്ക് പലപ്പോഴും കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭിക്കാറുണ്ട്.
6. തിരിച്ചടക്കാനുള്ള ശേഷി (Repayment Ability Indicator)
നിങ്ങൾക്ക് വായ്പ തിരിച്ചടക്കാൻ ശേഷിയുണ്ടോ എന്ന് മനസിലാക്കാനും വായ്പാ ദാതാവ് സിബിൽ സ്കോർ പരിശോധിക്കാറുണ്ട്. കാരണം ഇത് നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററി മനസിലാക്കാൻ സഹായിക്കും.
7. നിരസിക്കപ്പെടാനുള്ള സാധ്യത (Risk of Rejection)
കുറഞ്ഞ സിബിൽ സ്കോർ ഉള്ളവരുടെ വായ്പാ അപേക്ഷ തള്ളാൻ സാധ്യതയുണ്ട്. ഇത് റിസ്ക് ഫാക്ടർ ആയി വായ്പാ ദാതാക്കൾ വിലയിരുത്തിയേക്കാം
8. അംഗീകരിക്കപ്പെടാനുള്ള ഉയർന്ന സാധ്യതകൾ (Improved Approval Chances)
ഉയർന്ന സിബിൽ സ്കോർ ഉള്ളവരുടെ വായ്പാ അപേക്ഷ പെട്ടെന്ന് അംഗീകരിക്കപ്പെടാൻ സാധ്യതയുണ്ട്. കാരണം ഉയർന്ന സ്‌കോറുകളുള്ളവർ കടം വാങ്ങുന്നവരെ കുറഞ്ഞ റിസ്ക് ഫാക്ടർ ഉള്ളവരായാണ് വായ്പാ ദാതാക്കൾ കണക്കാക്കുന്നത്.
9. ക്രെഡിറ്റ് സ്റ്റാറ്റസിനെക്കുറിച്ചുള്ള അറിവ് (Credit Status Awareness)
സിബിൽ സ്കോർ നിങ്ങളുടെ ക്രെഡിറ്റ് സ്റ്റാറ്റസിനെക്കുറിച്ചുള്ള വ്യക്തമായ ഉൾക്കാഴ്ച നൽകുന്നു, കടം വാങ്ങുന്നതിനെക്കുറിച്ചും കടം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും ബന്ധപ്പെട്ടുള്ള തീരുമാനങ്ങൾ എടുക്കാൻ ഈ അറിവ് നിങ്ങളെ സഹായിക്കുന്നു.
10. മിനിമൽ ഡോക്യുമെന്റേഷൻ (Minimal Documentation)
ഉയർന്ന സിബിൽ സ്കോർ പലപ്പോഴും ഡോക്യുമെന്റേഷൻ ആവശ്യകതകൾ കുറയ്ക്കുന്നതിനും പലിശ നിരക്കുകൾ കുറയ്ക്കുന്നതിനും വായ്പാ അപേക്ഷാ പ്രക്രിയ വേഗത്തിലാക്കുന്നതിനും സഹായിക്കുന്നു.
നിങ്ങളുടെ ക്രെഡിറ്റ് സ്കോർ എങ്ങനെ ഉയർത്താം?
നിങ്ങളുടെ ക്രെഡിറ്റ് സ്കോർ നിങ്ങൾ ആഗ്രഹിക്കുന്ന പോലെ ഉയരുന്നില്ലെങ്കിൽ അതിൽ, വിഷമിക്കേണ്ട. ഇത് മെച്ചപ്പെടുത്താൻ സ്വയം ശ്രമിക്കാം. അതിനായി കൃത്യമായ ഒരു പ്ലാനും കുറച്ച് ക്ഷമയും ആവശ്യമാണ്. ആരോഗ്യകരമായ ക്രെഡിറ്റ് ശീലങ്ങളും ഉയർന്ന ക്രെഡിറ്റ് സ്കോറും കൈവരിക്കുന്നതിന് നിങ്ങളെ സഹായിക്കുന്ന ചില കാര്യങ്ങളാണ് താഴെ പറയുന്നത്.
1. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബില്ലുകളും ലോൺ ഇഎംഐകളും പതിവായി കൃത്യസമയത്ത് അടയ്ക്കുക.
2. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബാലൻസ് എപ്പോഴും കുറവായി സൂക്ഷിക്കുക. നിങ്ങൾക്ക് ലഭ്യമായ ക്രെഡിറ്റ് പരിധിയുടെ 30 ശതമാനത്തിൽ കൂടുതൽ കഴിയുന്നതും ഉപയോഗിക്കാതിരിക്കുക.
3. നിങ്ങളുടെ പഴയ ക്രെഡിറ്റ് അക്കൗണ്ടുകൾ ഇടയ്ക്കിടെ ഉപയോഗിച്ച് നല്ല നിലയിൽ നിലനിർത്തുക.
4. നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ മാത്രം ക്രെഡിറ്റിനായി അപേക്ഷിക്കുകയും ഒന്നിനു പിറകേ ഒന്നായി നിരവധി ക്രെഡിറ്റ് അപേക്ഷകൾ അയക്കുന്നത് ഒഴിവാക്കുകയും ചെയ്യുക.
5. നിങ്ങളുടെ സ്കോർ കുറക്കുന്ന വിധത്തിലുള്ള ഏതെങ്കിലും പിശകുകളോ പൊരുത്തക്കേടുകളോ കണ്ടെത്താൻ സ്വയം പരിശ്രമിക്കുക. അതിനായി നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടും സ്‌കോറും പതിവായി പരിശോധിക്കുക.
സിബിൽ സ്കോർ എങ്ങനെ പരിശോധിക്കാം?
സൗജന്യമായി സിബിൽ സ്കോർ പരിശോധന നടത്താവുന്ന നിരവധി പ്ലാറ്റ്‌ഫോമുകൾ ഉണ്ട്. ഇവയുപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ ഓൺലൈനായി സിബിൽ സ്കോർ പരിശോധിക്കാവുന്നതാണ്. നിങ്ങൾക്ക് സിബിൽ വെബ്‌സൈറ്റിൽ നേരിട്ട് ലോഗിൻ ചെയ്‌തും ക്രെഡിറ്റ് സ്‌കോർ പരിശോധിക്കാം.