വേണ്ട; വേണ്ടാഞ്ഞിട്ടാ; 10 മാസത്തിനിടെ മുൻ ജീവനക്കാരൻ ആമസോൺ ഓഫർ നിരസിച്ചത് 4 തവണ
18000 ത്തോളം ജീവനക്കാരെയാണ് ഈ വർഷം ജനുവരിയിൽ ആമസോൺ പിരിച്ചുവിട്ടത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ട പിരിച്ചുവിടൽ ആയിരുന്നു ഇത്. ലോകത്താകമാനം നിലനിൽക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി തങ്ങളുടെ ചിലവ് കുറയ്ക്കാനാണ് കമ്പനികൾ ഇത്രയും ആളുകളെ ഒരുമിച്ച് പിരിച്ചുവിട്ടത്. കൂട്ടപ്പിരിച്ചുവിടലിന്റെ ഭാഗമായി പുറത്താക്കിയ ഒരു ജീവനക്കാരനെ ആമസോൺ ഇത് നാലാം തവണയാണ് തിരികെ വിളിക്കുന്നത്. നാല് തവണയും ഇയാൾ ഓഫർ നിരസിക്കുകയാണ് ചെയ്തത്.
കമ്പനി ബോർഡിൽ നിന്നും നാല് തവണ ഓഫർ ലഭിച്ചിട്ടും അത് സ്വീകരിക്കാത്തത്തിന്റെ കാരണവും, എന്തുകൊണ്ട് ആമസോൺ വീണ്ടും വീണ്ടും തന്നെ തിരികെ വിളിക്കുന്നു എന്നുള്ളതിന്റെ വിശദാംശങ്ങളും ഒടുവിൽ ഇയാൾ തുറന്നു പറഞ്ഞു. ആമസോണിൽ ഒരു ബിസിനസ്സ് അനലിസ്റ്റ് ആയാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത് പക്ഷെ കമ്പനിയിലെ തൊഴിൽ സാഹചര്യങ്ങളിൽ ഇദ്ദേഹം പൂർണമായും തൃപ്‍തനായിരുന്നില്ല.
തന്റെ ജോലി കമ്പനിയിൽ സുരക്ഷിതമായിരിക്കും എന്ന് തന്റെ മാനേജർ പിരിച്ചുവിടുന്നതിന് ഒരു മാസം മുൻപ് തന്നോട് പറഞ്ഞിരുന്നതായി ഇയാൾ ഇൻസൈഡറിൽ എഴുതിയ ഒരു ലേഖനത്തിൽ പറയുന്നു.” ഞാൻ ചെയ്യുന്ന ജോലി മറ്റാരാലും നന്നായി ചെയ്യാൻ കഴിയില്ല ” – എന്നായിരുന്നു കമ്പനി പറഞ്ഞിരുന്നത് എന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. പിരിച്ചുവിടുന്നതിന് രണ്ട് മാസം മുൻപായി ജീവനക്കാരോട് തങ്ങളുടെ ജോലിയുടെയും മറ്റും ഡീറ്റെയിൽസ് എടുത്ത് സൂക്ഷിച്ചു വക്കാൻ ആമസോൺ നിർദ്ദേശിച്ചിരുന്നു.
പക്ഷെ ചെയ്തിട്ടില്ലാത്ത ജോലി പോലും ചെയ്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ജീവനക്കാർ മത്സരിച്ചതിലൂടെ ഈ വിവര ശേഖരണം വലിയ പ്രശ്‌നങ്ങൾക്കാണ് വഴി തുറന്നത്. ഇതിനിടയിൽ താൻ ചെയ്ത ജോലിയിൽ തന്റെ സഹ പ്രവർത്തകർ അവരുടെ പേര് എഴുതി ചേർക്കുകയും താൻ ആ പ്രോജെക്ടിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല എന്ന തരത്തിൽ റിപ്പോർട്ട് ഉണ്ടാക്കുകയും ചെയ്തുവെന്നുമാണ് ഇദ്ദേഹത്തിന്റെ ആരോപണം. പക്ഷേ കമ്പനി മാനേജമെന്റ് ഇതിനെ അത്ര കാര്യമായി എടുത്തില്ല. തന്റെ ജോലിയ്ക്ക് ഒരു കുഴപ്പവും വരില്ല എന്ന ഉറപ്പിനെ കാറ്റിൽ പറത്തി ജനുവരി ആദ്യം മറ്റെല്ലാവരെയും പോലെ തന്നെ, “നിങ്ങളുടെ സേവനം ഇനി കമ്പനിക്ക് ആവശ്യമില്ല ” – എന്ന ഒരു മെയിൽ ഇദ്ദേഹത്തിനും ലഭിച്ചു.
പിരിച്ചു വിട്ടവർക്ക് ആമസോൺ മറ്റ് ചില വഴികൾ കൂടി നൽകി എങ്കിലും തന്റെ പിരിച്ചുവിടൽ തനിയ്ക്ക് ലഭിക്കേണ്ട മര്യാദകളോടെ പോലും ആയിരുന്നില്ല എന്നും മുൻ ജീവനക്കാരൻ പറയുന്നു, അതുകൊണ്ട് തന്നെ ഇനി ആമസോണിൽ ജോലി ചെയ്യാൻ താനില്ല എന്നും ഇദ്ദേഹം പറയുന്നു.
ഇപ്പോൾ ജോലി ഒന്നും ചെയ്യുന്നില്ല എങ്കിൽപ്പോലും ആമസോണിലേക്ക് ഇനി തിരികെ പോകില്ല എന്ന തീരുമാനത്തിലാണ് ഈ മുൻ ജീവനക്കാരൻ. ഇൻസൈഡർ റിപ്പോർട്ട് അനുസരിച്ച് നാല് തവണ ആമസോൺ ഇദ്ദേഹത്തെ സമീപിച്ചുവെങ്കിലും കമ്പനിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നു പറഞ്ഞ് നാല് തവണയും ഇദ്ദേഹം ഓഫർ നിരസിച്ചു.
വിശ്വാസ്യതയുള്ള ജീവനക്കാരെ എല്ലാ കാലവും കമ്പനിയിൽ നില നിർത്തുന്നതിനായി 2014ൽ കമ്പനി മേധാവി ജെഫ് ബസോസ് ഒരു പദ്ധതി ആരംഭിച്ചിരുന്നു. “ജോലി വേണ്ടന്ന് വയ്ക്കുന്നവർക്ക് നാല് ലക്ഷം നൽകാം ” എന്നാണ് ഇതിന്റെ ടാഗ് ലൈൻ.
വർഷാവർഷം ഞങ്ങൾ ഞങ്ങളുടെ ജീവനക്കാരോട് ജോലി രാജി വയ്ക്കാനും വച്ചാൽ 2000 ഡോളർ നൽകാം എന്നും പറയും. തുടർന്ന് 1000 ഡോളർ വീതം കൂട്ടി കൂട്ടി ഏതാണ്ട് 5000 ഡോളർ വരെ ആ രീതിയിൽ ഓഫർ ചെയ്തിട്ടുണ്ട്. ” ഈ ഓഫർ സ്വീകരിക്കരുത് ” എന്ന തലക്കെട്ടോടെയാണ് ഞങ്ങൾ ഓഫർ നൽകുക, ആരും ഈ ഓഫർ സ്വീകരിക്കരുതെന്നും അവരെല്ലാം കമ്പനിയിൽ തന്നെ തുടരണം എന്നുമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.
എന്തിനാണ് ഇത്തരം ഒരു ഓഫർ നൽകി ജീവനക്കാരെ പ്രലോഭിപ്പിക്കുന്നത് എന്ന ചോദ്യത്തിന് ബെസോസ് മറുപടി പറഞ്ഞത് ഇങ്ങനെ ” ഒന്ന് തിരിച്ചു ചിന്തിക്കാനുള്ള അവസരം നൽകുകയാണ് ഉദ്ദേശം. സ്വന്തം ആഗ്രഹമോ താൽപ്പര്യമോ ഇല്ലാതെയാണ് ഒരാൾ ജോലി ചെയ്യുന്നത് എങ്കിൽ, അങ്ങനെ ഒരാൾക്ക് മികച്ചതായി അയാളുടെ ജോലികൾ പൂർത്തിയാക്കാൻ ഒരിക്കലും കഴിയില്ല. ഞാൻ എത്തേണ്ട ഇടത്ത് തന്നെ ആണോ എത്തിയിരിക്കുന്നത് എന്ന് സ്വയം ചോദിക്കാനുള്ള അവസരം ഓരോ ജീവനക്കാരനും നൽകുക എന്നതാണ് ഇതിന്റെ ഉദ്ദേശം എന്നും ബെസോസ് പറയുന്നു.
ഇങ്ങനെ ഒരു ഓഫർ നൽകുമ്പോൾ നല്ല ജീവനക്കാർക്ക് കൂടുതൽ മികവോടെ പ്രവർത്തിക്കാനുള്ള ഊർജമായും പലപ്പോഴും അത് മാറാറുണ്ട് എന്നും അത് കമ്പനിക്ക് അയാളിലുള്ള വിശ്വാസം വർധിപ്പിക്കുമെന്നും കമ്പനിയുടെയും ജീവനക്കാരന്റെയും കാര്യക്ഷമതയും ഉത്പാദനവും ഇതിലൂടെ വർധിക്കുമെന്നും ബെസോസ് കൂട്ടിച്ചേർക്കുന്നു.
കൊറോണയും തൊഴിലില്ലായ്മയും നിമിത്തം കഴിഞ്ഞ വർഷം ഈ പ്രോജക്ട് കമ്പനി നടപ്പാക്കിയില്ല. “പുതിയ സർട്ടിഫിക്കേഷനുകൾ നേടാനും പുതിയ ജോലി കണ്ടെത്താനും ഈ പ്രോഗ്രാം ആളുകളെ സഹായിക്കുമെന്ന് ആമസോൺ പ്രതിനിധി കരൻ റിലേ സോയർ പറഞ്ഞു.